Monday, March 19, 2012

ബോദ്‌ലെയർ - സാന്ധ്യസംഗീതം

800px-Bierstadt_Albert_Sunset_in_the_Rockies


ആ മുഹൂർത്തമെത്തുന്നു; മെലിഞ്ഞ തണ്ടുകളിലുലഞ്ഞും കൊണ്ടു
പരിമളം പാറ്റുന്ന ധൂപപാത്രം  പൂവുകളോരോന്നും.
സൗമ്യസായാഹ്നവായുവിലലയുന്നു ശബ്ദവും സുഗന്ധവും,
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റുന്ന സുഖാലസ്യം.

പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും.
കദനം കൊണ്ട ഹൃദയം പോലെ വയലിന്റെ രോദനം,
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റുന്ന സുഖാലസ്യം.
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.

കദനം കൊണ്ട ഹൃദയം പോലെ വയലിന്റെ രോദനം.
ശൂന്യതയുടെ തമോഗർത്തം താങ്ങാനാവാത്തൊരു ഹൃദയം.
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.

ശൂന്യതയുടെ തമോഗർത്തം താങ്ങാനാവാത്തൊരു ഹൃദയം.
അതു പെറുക്കിക്കൂട്ടുന്നു പോയകാലത്തിന്റെ ശേഷിപ്പുകൾ.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.
ഒരു തിടമ്പു പോലെന്നിൽ വിളങ്ങുന്നു നിന്നെക്കുറിച്ചുള്ളോർമ്മകൾ.


(പാപത്തിന്റെ പൂക്കൾ - 40)


Evening Harmony

The hour has come at last when, trembling to and fro,
Each flower is a censer sifting its perfume;
The scent and sounds all swirl in evening’s gentle fume;
A melancholy waltz, a languid vertigo!
Each flower is a censer sifting its perfume;
A violin’s vibrato wounds the heart of woe;
A melancholy waltz, a languid vertigo!
The sky, a lofty altar, lovely in the gloom,
A violin’s vibrato wounds the heart of woe,
A tender heart detests the black of nullity,
The sky, a lofty altar, lovely in the gloom;
The sun is drowning in the evening’s blood-red glow.
A tender heart detests the black of nullity,
And lovingly preserves each trace of long ago!
The sun is drowning in the evening’s blood-red glow …
Your memory shines through me like an ostensory!


link to image


ബ്രെഹ്ത് - പരിഹാരം

File:DBPB 1953 110 17.Juni.jpg


ജൂൺ 17-ലെ കലാപമൊടുങ്ങിയതിൽപ്പിന്നെ
എഴുത്തുകാരുടെ യൂണിയന്റെ സെക്രട്ടറി
സ്റ്റാലിൻ തെരുവിൽ ലഘുലേഖകൾ വിതരണം ചെയ്തു,
സർക്കാരിനു ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും,
ഇരട്ടിപ്പണിയെടുത്താലേ അവർക്കതു തിരിച്ചുകൊടുക്കാനാവൂയെന്നും.
അങ്ങനെയെങ്കിൽ സർക്കാരിനു ജനങ്ങളെ പിരിച്ചുവിട്ട്
മറ്റൊന്നിനെ തിരഞ്ഞെടുക്കാനായാൽ
അതല്ലേ കൂടുതലെളുപ്പം എന്നാണു ചോദ്യം.


(1953 ജൂൺ 16.ന്‌ കിഴക്കൻ ജർമ്മനിയിൽ (അന്നത്തെ GDR) നിർമ്മാണത്തൊഴിലാളികൾ തുടങ്ങിവച്ച പ്രക്ഷോഭം പെട്ടെന്നുതന്നെ രാജ്യമാകെ വ്യാപിച്ചുവെങ്കിലും അടുത്ത ദിവസമായപ്പോഴേക്കും സോവ്യറ്റ് യൂണിയന്റെ സൈനികസഹായത്തോടെ അത് അമർച്ച ചെയ്യപ്പെട്ടു.)


link to Uprising_of_1953_in_East_Germany

Sunday, March 18, 2012

നെരൂദ - മരണം

neruda


പലതവണ ഞാനുയിർത്തെഴുന്നേറ്റിരിക്കുന്നു,
പരാജിതനക്ഷത്രങ്ങളുടെ ഗർത്തങ്ങളിൽ നിന്ന്,
നിത്യതയുടെ നൂൽക്കഴികളിൽ പിടിച്ചുകയറിക്കൊണ്ട്;
ഇന്നിതാ, ഞാൻ മരിക്കാനൊരുങ്ങുന്നു,
ഇനിയൊരൊച്ചപ്പാടിനും നിൽക്കാതെ,
എന്റെയുടലിൽ മണ്ണുമായി,
മണ്ണുമായലഞ്ഞുചേരാനായി.

പുരോഹിതന്മാർ വിറ്റുനടക്കുന്ന സ്വർഗ്ഗത്തിലൊരിടം
ഞാൻ വാങ്ങിവച്ചിട്ടില്ല,
ധനികരായ അലസവർഗ്ഗത്തിനായി
വേദാന്തികൾ തട്ടിക്കൂട്ടിയ നിത്യാന്ധകാരവുമെനിക്കു വേണ്ട.

മരണത്തിൽ പാവപ്പെട്ടവർക്കൊപ്പമാവട്ടെ ഞാൻ,
മരണത്തെക്കുറിച്ചു പഠിക്കാൻ സമയം കിട്ടാതിരുന്നവർ,
ആകാശം സ്വന്തമായിരുന്നവർ പ്രഹരങ്ങളേൽപ്പിച്ചവർ.

എന്റെ മരണം എന്റെ കണക്കിനൊപ്പിച്ചത്,
എന്നെ കാത്തിരിക്കുന്നൊരു കുപ്പായം പോലെ,
എനിക്കിഷ്ടപ്പെട്ടൊരു നിറത്തിൽ,
എനിയ്ക്കു കിട്ടാതെപോയ അളവുകളിൽ,
എനിയ്ക്കു വേണ്ടത്ര ആഴത്തിൽ.

പ്രണയമതിന്റെ ദൗത്യം തീർത്തു പൊയ്ക്കഴിഞ്ഞാൽ,
കരുത്തുകളൊരുമിച്ച മറ്റു കൈകളിലേക്കു
സമരമതിന്റെ ചുറ്റികകൾ കൈമാറിക്കഴിഞ്ഞാൽ,
മരണം വന്നെത്തുകയായി,
നിങ്ങൾക്കു ചുറ്റും അതിരുകൾ പണിതിരുന്ന
ചിഹ്നങ്ങൾ പാടേ തുടച്ചുമാറ്റാനായി.


നെരൂദ - പ്രഹേളികകൾ

File:Kuniyoshi Utagawa, Lobster.jpg


ഞണ്ടുകൾ പൊന്നിൻകാലുകൾ കൊണ്ടു നെയ്തെടുക്കുന്നതെന്തെന്ന്
നീയെന്നോടു ചോദിച്ചു;
ഞാൻ പറഞ്ഞു: അതു കടലിനോടു ചോദിക്കൂ.
സുതാര്യചർമ്മവുമായി കടൽച്ചൊറികൾ കാത്തിരിക്കുന്നതെന്തിനെയെന്നു
നീ ചോദിക്കുന്നു; അതെന്തു കാത്തിരിക്കുന്നുവെന്ന്.
ഞാൻ പറഞ്ഞു: നിന്നെപ്പോലെ അതും തന്റെ കാലം കാത്തിരിക്കുന്നുവെന്ന്.
മാക്രോസിസ്റ്റിസ് കടല്പായലിന്റെ ആശ്ളേഷമെത്രത്തോളമെത്തുന്നുവെന്നു
നീ ചോദ്യമായി.
ഞാനറിയുന്നൊരു കടലിൽ, ഒരു പ്രത്യേകമുഹൂർത്തത്തിൽ
നോക്കിനോക്കിയിരിക്കൂ.
കൊമ്പൻതിമിംഗലത്തിന്റെ കുടിലദന്തത്തെക്കുറിച്ചും നീ ചോദിക്കുമെന്നതു തീർച്ച;
കടലിലെ യൂണീക്കോണുകൾ ചാട്ടുളിയേറ്റു ചാവുന്നതിനെക്കുറിച്ചു ഞാൻ പറയും.
തെക്കൻകടലിന്റെ വിമലഗർഭങ്ങളിൽ വിറക്കൊള്ളുന്ന
പൊന്മയുടെ തൂവലുകളെക്കുറിച്ചു നീ ചോദിക്കില്ലേ?
കടൽനാക്കിന്റെ ചില്ലുവിതാനത്തെക്കുറിച്ചും നിനക്കു സംശയമുണ്ടാവുമല്ലോ,
അതെങ്ങനെ കുരുക്കഴിക്കുമെന്നും?
കടൽത്തട്ടിലെ കൂർമ്പൻവേലികളിൽ വൈദ്യുതി പായിക്കുന്നതേതെന്നു നിനക്കറിയണോ?
നടക്കുമ്പോളടരുന്ന പടച്ചട്ട പോലത്തെ ചുണ്ണാമ്പുകല്ലിനെക്കുറിച്ചും?
ചൂണ്ടക്കാരൻ മീനിന്റെ ചൂണ്ടയെക്കുറിച്ചും,
കടൽക്കയങ്ങളിൽ നാട പോലെ വലിച്ചുകെട്ടിയ സംഗീതത്തെക്കുറിച്ചും?

എനിക്കു പറയണമെന്നുണ്ട്, അതൊക്കെ കടലിനറിയുമെന്ന്,
അതിന്റെ കലവറകളിൽ ജീവിതം വിപുലവും,
അസംഖ്യവും, വിമലവുമാണെന്ന്,
തുടുത്ത മുന്തിരിക്കുലകൾക്കിടയിൽ കാലം വിളക്കിയെടുത്തിരിക്കുന്നു,
കല്ലിച്ച പൂവിതളുകളെയും, കടൽവെള്ളരിയുടെ വെളിച്ചത്തെയുമെന്ന്,
പവിഴപ്പുറ്റുകൾ കൊണ്ടുണ്ടാക്കിയൊരു സമൃദ്ധകാഹളത്തിൽ നിന്ന്
സംഗീതത്തിന്റെ നൂലാമാലകളതിഴവേർപിരിക്കുന്നുവെന്ന്.

ഒന്നുമല്ല ഞാൻ, ഒരൊഴിഞ്ഞ വല,
മനുഷ്യനേത്രങ്ങൾക്കും മുമ്പേ പോയത്,
ആ ഇരുട്ടിൽ നിർജ്ജീവമായത്,
ത്രികോണത്തിനും, ഒരു മധുരനാരങ്ങയുടെ കാതരമായ പാതിഗോളത്തിനും
പരിചിതമായ വിരലുകൾ.

നിന്നെപ്പോലെതന്നെയാണു ഞാൻ ജീവിച്ചതും,
അന്തമറ്റ നക്ഷത്രവെളിച്ചത്തെ തുരന്നുകേറാൻ നോക്കിയും;
എന്റെ വലയിൽ, രാത്രിയിൽ, നഗ്നനായി ഞാൻ ഞെട്ടിയുണർന്നു,
ഞാനാകെപ്പിടിച്ചതോ, കാറ്റിൽ കുടുങ്ങിയൊരു പരലുമീനും.


link to image


Saturday, March 17, 2012

ബോർഹസ് - കഠാര

File:Dagger symbol.svg



മേശവലിപ്പിനുള്ളിൽ ഒരു കഠാര കിടക്കുന്നു.

പോയ നൂറ്റാണ്ടിനൊടുവിൽ ടോളിഡോവിലൊരാലയിൽ ഒരു കൊല്ലൻ പണിതെടുത്തതാണത്.
ലൂയി മെലിയൻ ലൂഫിനെർ അതെന്റെ അച്ഛനു കൊടുത്തു,
അച്ഛനാണ്‌ ഉറുഗ്വേയിൽ നിന്നതു കൊണ്ടുവന്നത്.
എവാരിസ്റ്റോ കാരിഗോ ഒരിക്കലതെടുത്തു പെരുമാറിയിരിക്കുന്നു.

അതു കാഴ്ചയിൽപ്പെടുന്ന ഒരാൾക്കും അതൊന്നു കൈയിലെടുത്തു നോക്കാതിരിക്കാൻ കഴിയാറില്ല.
എത്രയോ കാലമായി തങ്ങളതിനെയും നോക്കിനടക്കുകയായിരുന്നു എന്നൊരു തോന്നൽ അവർക്കുണ്ടായിപ്പോകുന്നു.
കാത്തിരിക്കുന്ന കൈപ്പിടിയെ വ്യഗ്രതയോടെ കൈ കയറിപ്പിടിയ്ക്കുന്നു.
ശക്തവും, നിർവികാരവുമായ വായ്ത്തല ഉറയിലേക്കു കൃത്യമായി ആണ്ടിറങ്ങുന്നു.

ഈ കഠാര മറ്റു ചിലതു തന്നെ.

ലോഹം കൊണ്ടൊരുരുപ്പടി മാത്രമല്ലത്.
കൃത്യമായൊരു ലക്ഷ്യത്തിനായി മനുഷ്യർ ചിന്തിച്ചെടുത്തതും രൂപപ്പെടുത്തിയതുമാണത്.
പോയ രാത്രിയിൽ ടക്വാറെംബോയിൽ വച്ച് ഒരു മനുഷ്യനെ കൊന്നത് ഈ കഠാര തന്നെ,
ഇതു തന്നെ സീസറെ മരണത്തിലേക്കയച്ച കഠാരകളും.
അതിന്റെ ഇച്ഛ കൊല്ലുക, ചോര ചിന്തുക.

ഒരു മേശവലിപ്പിൽ, കുറിപ്പടികൾക്കും കത്തുകൾക്കുമിടയിൽക്കിടന്ന്
കഠാര സ്വപ്നം കാണുന്നു, ഒരു വ്യാഘ്രത്തിന്റെ സരളസ്വപ്നം.
അതിനെ കടന്നെടുക്കുന്ന കൈയ്ക്കു ജീവൻ വയ്ക്കുന്നു,
എന്തെന്നാൽ തനിയ്ക്കു പറഞ്ഞ കൊലയാളിയുടെ കൈയാണ്‌
തന്നെ തൊടുന്നതെന്നറിയുമ്പോൾ ആ ലോഹത്തിനും ജീവൻ വയ്ക്കുകയാണ്‌.

ചിലനേരം എനിക്കു സങ്കടം തോന്നിപ്പോവാറുണ്ട്,
അത്രയുമൂറ്റം, അത്രയും ലക്ഷ്യബോധം,
അത്ര നിർവികാരവും, അത്രയ്ക്കഭിമാനപൂർണ്ണവും-
വർഷങ്ങൾ കടന്നുപോവുകയുമാണ്‌,
വ്യർത്ഥമായി.


നെരൂദ - മുന്തിരിപ്പഴങ്ങളുടെ ശരൽക്കാലം


മുന്തിരിപ്പഴങ്ങളുടെ ശരൽക്കാലമായിരുന്നു അത്.
എണ്ണിയാലൊടുങ്ങാത്ത വള്ളിപ്പന്തലുകൾ വിറക്കൊണ്ടു.
വെളുവെളുത്ത മുന്തിരിക്കുലകൾ, മൂടുപടങ്ങളണിഞ്ഞവ,
ഓമനവിരലുകളിലീർപ്പവുമായി നിന്നിരുന്നു;
കറുത്ത മുന്തിരിപ്പഴങ്ങൾ കുഞ്ഞകിടുകൾ നിറയെ
ഉരുണ്ടു രഹസ്യമായൊരു പുഴയൊതുക്കിവച്ചിരുന്നു.
ഗൃഹനാഥൻ, മുഖം മെലിഞ്ഞൊരു പണിക്കാരൻ,
സാന്ധ്യവെളിച്ചം നിറഞ്ഞ പകലുകളുടെ ഗ്രന്ഥത്തിൽ നിന്ന്
നിറം മങ്ങിയ മണ്ണേടുകളെനിയ്ക്കു വായിച്ചുതന്നു.
അയാളുടെ കാരുണ്യത്തിനു പരിചയമായിരുന്നു,
പഴങ്ങളെ, തായ്ത്തടികളെ,
മരത്തിനു വൈൻഗ്ളാസ്സിന്റെ നഗ്നരൂപം നല്കുന്ന കോതൽവിദ്യയും.

അതിവലിപ്പമായ കുട്ടികളോടെന്നപോലെ
കുതിരകളോടയാൾ വർത്തമാനം പറഞ്ഞിരുന്നു:
അഞ്ചു പൂച്ചകളും നായ്ക്കളും
അയാളെ പിൻപറ്റി നടന്നിരുന്നു:
ചിലർ മുതുകു വളച്ചും, അലസരായും,
മറ്റു ചിലർ തണുത്ത പീച്ചുമരങ്ങൾക്കടിയിൽ
കാടുകാട്ടിയോടിയും.
ഓരോ മരച്ചില്ലയും അയാൾക്കു പരിചയമായിരുന്നു,
ആ മരങ്ങളുടെ ഓരോ വടുവും;
അയാളുടെ പ്രാക്തനസ്വരമെന്നെപ്പഠിപ്പിച്ചു,
കുതിരകളെ തഴുകേണ്ടതെങ്ങനെയെന്നും.

(കാന്റോ ജനറൽ)


link to image


Friday, March 16, 2012

നെരൂദ - പതാകകൾ പിറവിയെടുക്കുന്നതെങ്ങനെയെന്ന്

File:Chile flags in Puerto Montt.jpg


ഇക്കാലം വരെയ്ക്കും ഞങ്ങളുടെ പതാകകൾ പിറവിയെടുക്കുന്നതീവിധം.
ജനങ്ങൾ തങ്ങളുടെ മനസ്സലിവവയിൽ നെയ്തുചേർത്തു,
യാതന കൊണ്ടവർ കീറത്തുണികൾ തുന്നിയെടുത്തു.

പൊള്ളുന്ന കൈകൾ കൊണ്ടവരതിൽ നക്ഷത്രം പതിച്ചുവച്ചു.
സ്വരാജ്യത്തിന്റെ നക്ഷത്രത്തിനു തങ്ങിനിൽക്കാനായി
കുപ്പായത്തിൽ നിന്നോ, ആകാശമണ്ഡലത്തിൽ നിന്നോ,
നീലിമയുടെ തുണ്ടവർ മുറിച്ചെടുത്തു.

തുള്ളിയിറ്റി, തുള്ളിയിറ്റി ചെമല പിറവിയെടുക്കുകയുമായിരുന്നു.

.

(കാന്റോ ജനറൽ)


link to image


നെരൂദ - ഉറുഗ്വേ

 


File:Escarapela en escudo.png

ഉറുഗ്വേ ഒരു കിളിപ്പാട്ട്, ജലത്തിന്റെ ഭാഷ,
നിർഝരി പോലൊരക്ഷരം,
ചില്ലുപാത്രങ്ങളുടെ ചക്രവാതം-
ഉറുഗ്വേ, വാസനിയ്ക്കുന്ന വസന്തത്തിൽ
കനികളുടെ മർമ്മരം,
കാട്ടാറുകളുടെ ചുംബനം,
അറ്റ്ലാന്റിക്കിന്റെ നീലമുഖാവരണം.
ഉറുഗ്വേ, കാറ്റു വീശുന്ന പൊൻപകൽ
തോരയിട്ട തുണികൾ,
അമേരിക്കയുടെ മേശപ്പുറത്തെ അപ്പം,
മേശപ്പുറത്ത്
അപ്പത്തിന്റെ നൈർമ്മല്യം.

(കാന്റോ ജനറൽ)


link to image


അന്തോണിയോ മച്ചാദോ - കിഴക്കുദിക്കിൽ...

496px-Gifford_Sanford_Robinson_Morning_in_the_Adirondacks


ഒരു സ്വപ്നത്തിന്റെ ചുവന്ന വെളിച്ചം കിഴക്കുദിക്കിൽ കാണാകുന്നു ,
ഒരു സ്വപ്നവെളിച്ചം. പേടിയാകുന്നില്ലേ നിന,ക്കലയുന്ന പഥികാ?
പച്ചപ്പുൽമേടിനുമപ്പുറം, പൂവിടുന്ന കുന്നുകൾക്കു മേൽ,
ആസന്നമായി നിന്റെ യാത്രയ്ക്കവസാനമെന്നുമാവാം.

ഇനി നീ കാണുകില്ല, പാകമെത്തിയ കതിർക്കുലകളെ,
കനികൾ മുഴുത്തു തൂങ്ങുന്ന ആപ്പിൾമരങ്ങളെ;
നിന്റെ ചഷകത്തിലേക്കു പിഴിഞ്ഞൊഴിക്കുകയുമില്ല,
മുന്തിരിവള്ളികളവയുടെ ചുവന്ന ദ്രാവകം.

മുല്ലക്കൊടികളാദ്യപരിമളം പാറ്റുന്ന നാൾ,
പ്രണയം കൊണ്ടു വിറകൊള്ളാൻ പനിനീർപ്പൂക്കളൊരുങ്ങുന്ന നാൾ,
ഉദ്യാനങ്ങളെ വെളിച്ചപ്പെടുത്തുന്നൊരു പൊൻപുലരിയിൽ
നിന്റെ സുന്ദരസ്വപ്നമലിഞ്ഞുപോകില്ലേ, ഒരു ധൂസരമേഘം പോലെ?

പൂവുകൾ പൂത്തുതുടങ്ങിയ പച്ചപ്പുൽപ്പാടങ്ങളേ,
ഇനിയുമേറെനാളെനിയ്ക്കു സ്വപ്നം കാണാനായെങ്കിൽ,
പുൽമേടുകളെ പുള്ളി കുത്തുന്ന നീലിച്ച ദലപുടങ്ങളെ,
കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത ഡെയ്സിപ്പൂക്കളെ!


link to image


Thursday, March 15, 2012

അന്തോണിയോ മച്ചാദോ - നമ്മുടെ പ്രണയം...


നമ്മുടെ പ്രണയമൊരു മഹോത്സവമാക്കാം നമുക്കെന്നു
നാം കരുതി,
പേരറിയാത്ത മലനിരകളിൽ
നവപരിമളങ്ങൾ കൊളുത്താം നമുക്കെന്നും,
വിളറിയ നമ്മുടെ മുഖങ്ങൾ
മറച്ചുപിടിയ്ക്കാം നമുക്കെന്നും:
സ്ഫടികസമാനവും ഫേനിലവുമായൊരു പ്രതിധ്വനിയോടെ
മദിരയുടെ സുവർണ്ണദ്രവങ്ങൾ പൊട്ടിച്ചിരിക്കുന്ന
ജീവിതത്തിന്റെ മധുപാനോത്സവത്തിൽ
നിറയാതെ പോയവയായിരുന്നല്ലോ,
നമ്മുടെ ചഷകങ്ങളെന്നും.
ഏകാന്തമായ ഉദ്യാനത്തിന്റെ ചില്ലകൾക്കിടയിലെവിടെയോ
നമ്മെ കളിയാക്കി ചൂളം വിളിയ്ക്കുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
പാനപാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...
മൃണ്മയമായ നമ്മുടെയുടലറിയുന്നു,
ഉദ്യാനത്തിന്റെയീർപ്പം,
ഒരു തലോടൽ പോലെ.



Related Posts Plugin for WordPress, Blogger...