Sunday, January 29, 2012

നിസാർ ഖബ്ബാനി - കടലിലേക്കു കടക്കുമ്പോൾ


കടലിലേക്കു കടക്കുമ്പോൾ


ഒടുവിൽ പ്രണയം സംഭവിച്ചു,
ദൈവത്തിന്റെ പറുദീസയിലേക്കു നാം പ്രവേശിച്ചു,
ജലത്തിന്റെ ചർമ്മത്തിനടിയിലൂടെ
വഴുതിയും കൊണ്ട്,
മീനുകളെപ്പോലെ.
അനർഘങ്ങളായ കടൽമുത്തുകൾ
നാം കണ്ടതിശയിച്ചു.
ഒടുവിൽ പ്രണയം സംഭവിച്ചു,
ഭീഷണികളേതുമില്ലാതെ...
അഭിലാഷങ്ങളുടെ പൊരുത്തവുമായി.
ഞാൻ നല്കി, നീ നല്കി,
അതിൽ നാം കപടം കാണിച്ചുമില്ല.
ആശ്ചര്യകരമായ അനായാസതയോടെ
അതു സംഭവിച്ചു,
പനിനീരു കൊണ്ടെഴുതുമ്പോലെ,
മണ്ണിൽ നിന്നൊരുറവയൊഴുകുമ്പോലെ.
*



സംഭാഷണം

ഞാൻ സ്നേഹിക്കുന്നതാരെയെന്നവർ ചോദിക്കുന്നു,
അവളുടെ മുഖം ഞാൻ കണ്ടിട്ടില്ലെന്നു ഞാൻ പറയുന്നു.
രണ്ടു നൂറ്റാണ്ടുകളായിരിക്കുന്നു, അവളെ ഞാൻ സ്നേഹിച്ചുതുടങ്ങിയിട്ടെങ്കിലും
ഇനിയുമവളുടെ പേരെനിക്കറിയുകയുമില്ല..
*



പുരുഷപ്രകൃതി

പുരുഷനൊരു നിമിഷം മതി,
സ്ത്രീയെ പ്രേമിക്കാൻ;
യുഗങ്ങൾ വേണം,
അവളെ മറക്കാൻ.


 

0 comments:

Related Posts Plugin for WordPress, Blogger...