![]()
ലോകത്തിന്റെ ഉല്പത്തിയെക്കുറിച്ച് പുതിയൊരു സിദ്ധാന്തം
ആദിയിൽ...ഫാത്തിമ ഉണ്ടായിരുന്നു
അതില്പിന്നെ മൂലഭൂതങ്ങൾ രൂപപ്പെട്ടു
തീയും മണ്ണും
വെള്ളവും വായുവും
പിന്നെ പേരുകളും ഭാഷകളുമുണ്ടായി
ഗ്രീഷ്മവും വസന്തവും
പുലരിയും സന്ധ്യയും
ഫാത്തിമായുടെ കണ്ണുകൾക്കു ശേഷമാണ്
ലോകം കണ്ടുപിടിച്ചത്,
കറുത്ത പനിനീർപ്പൂവിന്റെ രഹസ്യവും
അതും കഴിഞ്ഞ്...ഒരായിരം നൂറ്റാണ്ടു കഴിഞ്ഞപ്പോൾ
മറ്റു സ്ത്രീകളുമുണ്ടായി.
നിന്നെ പ്രേമിക്കാത്തവൻ ജന്മദേശമില്ലാത്തവനാവും
ഞാൻ നിന്നെ പ്രേമിക്കുന്നുവെങ്കിൽ
അതു ദൈവത്തോട്, ദേശത്തോട്, ചരിത്രത്തോട്, കാലത്തോട്,
ജലം, വൃക്ഷം, ചിരിക്കുന്ന നേരത്തെ കുഞ്ഞുങ്ങൾ,
അപ്പം, കടൽ, ചിപ്പികൾ, കപ്പലുകൾ,
എനിക്കതിന്റെ കടകങ്ങളെറിഞ്ഞുതരുന്ന രാത്രിതാരം,
ഞാനധിവസിക്കുന്ന കവിത,
എന്നിലധിവസിക്കുന്ന മുറിവിനോടുമെന്നെ തളച്ചിടാൻ.
എന്നെ ഞാനാക്കുന്ന ജന്മദേശം നീ
നിന്നെ പ്രേമിക്കാത്തവൻ...അവനു ജന്മദേശവുമില്ല.
ദൈവത്തിനെന്തു നഷ്ടപ്പെടാൻ
ദൈവത്തിനെന്തു നഷ്ടപ്പെടാൻ,
തിളങ്ങുന്നൊരാപ്പിൾപ്പഴം പോലെ
ആകാശത്തു സൂര്യനെ രൂപപ്പെടുത്തിയവന്,
പുഴകളെ ഒഴുകുന്നവയാക്കിയവന്,
മലകളെ ഉറപ്പിച്ചു നിർത്തിയവന്,
അവനെന്തു നഷ്ടപ്പെടാനിരിക്കുന്നു,
ഒരു നേരമ്പോക്കിനു വേണ്ടിയെങ്കിലും
നമ്മുടെ പ്രകൃതങ്ങളെയൊന്നു മാറ്റിയെങ്കിൽ,
ഇത്ര തീക്ഷ്ണത എനിക്കില്ലായിരുന്നുവെങ്കിൽ,
ഇത്ര സൗന്ദര്യം നിനക്കില്ലായിരുന്നുവെങ്കിൽ?







1 comments:
താങ്കളുടെ പോസ്റ്റുകൾ
അനുഭവത്തിന്റെ,അറിവിന്റെ
കലവറയാണ്. അറിയാത്ത
ഒരുപാട് ലോകങ്ങളെ
താങ്കൾ പരിചയപ്പെടുത്തുന്നു.
നന്ദി, അതെത്ര പറഞ്ഞാലും
മതിയാവുമെന്നു തോന്നുന്നില്ല-
Post a Comment