Friday, February 03, 2012

നിസാർ ഖബ്ബാനി - ബൾക്കീസിന്റെ മുടിയിലേക്ക് പന്ത്രണ്ടു പനിനീർപ്പൂക്കൾ


1
അവളെക്കൊല്ലുമെന്നെനിക്കറിയാമായിരുന്നു
എന്നെക്കൊല്ലുമെന്നവൾക്കുമറിയാമായിരുന്നു
രണ്ടു പ്രവചനങ്ങളും സത്യമായിവന്നു.
ഒരു പൂമ്പാറ്റയെപ്പോലവൾ വീണു,
(അജ്ഞതയുടെ കാലത്തെ) കല്ലിനും കട്ടയ്ക്കുമടിയിൽ,
ഞാനും വീണു, കവിതകളെ,
സ്ത്രീകളുടെ കണ്ണുകളെ,
സ്വാതന്ത്ര്യത്തിന്റെ പനിനീർപ്പൂക്കളെ വെട്ടിവിഴുങ്ങുന്ന
ഒരു കാലത്തിന്റെ തേറ്റകൾക്കിടയിൽ.

2
അവളെക്കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വിരൂപമായൊരു കാലത്ത് മനോഹരിയായിരുന്നു അവൾ
മലിനമായൊരു കാലത്ത് നിർമ്മലയായിരുന്നു അവൾ
പോക്കിരികളുടെ കാലത്ത് അഭിജാതയായിരുന്നു അവൾ
കൃത്രിമമുത്തുകളുടെ കൂനകൾക്കിടയിൽ
അപൂർവമായൊരു മുത്തായിരുന്നു അവൾ
ഒരേപോലത്തെ സ്ത്രീകൾക്കിടയിൽ
വേറിട്ടുനിൽക്കുന്ന സ്ത്രീയായിരുന്നു അവൾ.

3
അവളെക്കൊല്ലുമെന്നെനിക്കറിയാമായിരുന്നു
രണ്ടു മരതകനദികൾ പോലെ തെളിഞ്ഞതായിരുന്നു അവളുടെ കണ്ണുകളെന്നതിനാൽ
ഒരു ബാഗ്ദാദിഗീതം പോലെ ദീർഘമായിരുന്നു അവളുടെ മുടിയെന്നതിനാൽ
ഈ ജന്മദേശത്തിന്റെ ഞരമ്പുകൾക്കാവില്ല
ആ പച്ചയുടെ സാന്ദ്രത താങ്ങാൻ
ബൾക്കീസിന്റെ കണ്ണുകളിൽ
ഒരു കോടി ഈന്തപ്പനകൾ നിരക്കുന്ന ദൃശ്യം കണ്ടുനിൽക്കാൻ.

4
അവളെക്കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വൻകരയുടെ മണ്ഡലത്തിലുമേറിയതായിരുന്നല്ലോ
അവളുടെ അഭിമാനത്തിന്റെ മണ്ഡലം
അവളുടെ പൈതൃകമവളെ അനുവദിച്ചില്ല,
ജീർണ്ണതയുടെ കാലത്തു ജീവിച്ചുപോകാൻ
അവളുടെ ഭാസുരപ്രകൃതി അവളെ അനുവദിച്ചുമില്ല
ഇരുളിൽത്തന്നെ കഴിഞ്ഞുകൂടാൻ.

5
ആത്മാഭിമാനത്തിന്റെ തീവ്രതയിലവൾ വിശ്വസിച്ചു
ഈ ഭൂമി തനിയ്ക്കു പോരെന്ന്,
അതിനാലവൾ തന്റെ പെട്ടികളൊക്കെയെടുത്തു,
ഒച്ച കേൾപ്പിക്കാതെ അവൾ പിന്മാറി,
ഒരു കുഞ്ഞിനോടും പറയാതെ...

6
തന്നെപ്പെറ്റ നാടു തന്നെക്കൊല്ലുമെന്നതവളെ ഭയപ്പെടുത്തിയില്ല
അവൾക്കു ഭയം
തന്റെ പെറ്റനാടു തന്നെത്താൻ കൊല്ലുമോയെന്നതായിരുന്നു.

7
കവിതകൾ ഗർഭം ധരിച്ചൊരു മേഘത്തെപ്പോലെ
എന്റെ നോട്ടുബുക്കുകൾക്കു മേലവൾ പെയ്തു,
വീഞ്ഞും തേനും മാണിക്യങ്ങളും...മാടപ്രാവുകളെയും,
എന്റെ അനുഭൂതികൾക്കു മേലവൾ തളിച്ചു
തോണിപ്പായകൾ, കിളികൾ,
മുല്ലപ്പൂനിലാവും,
അവളുടെ വേർപാടിൽപ്പിന്നെ
ദാഹത്തിന്റെ കാലമായി
ജലത്തിന്റെ കാലത്തിനവസാനവുമായി.

8
അവൾ വിട്ടുപോവുകയാണെന്ന തോന്നലെനിക്കെന്നുമുണ്ടായിരുന്നു
അവളുടെ കണ്ണുകളിലെപ്പോഴുമുണ്ടായിരുന്നു
പായകൾ ചുരുളഴിക്കുന്ന തോണികൾ,
അവളുടെ കണ്ണിമകളിലെപ്പോഴുമുണ്ടായിരുന്നു
പറന്നുയരാനമർന്നിരിക്കുന്ന വിമാനങ്ങൾ.
അവളുടെ ഹാൻഡ്ബാഗിലെന്നും ഞാൻ കണ്ടിരുന്നു
(ഞാനവളെ വിവാഹം കഴിച്ചതിൽപ്പിന്നെ)
ഒരു പാസ്പോർട്ടും ഒരു വിമാനടിക്കറ്റും
താൻ പോയിട്ടേയില്ലാത്ത രാജ്യങ്ങളുടെ വിസാകളും.
ഞാനവളോടു ചോദിക്കാറുമുണ്ടായിരുന്നു:
ഈ പ്രമാണങ്ങളൊക്കെ നീ ഹാൻഡ്ബാഗിൽ കൊണ്ടുനടക്കുന്നതെന്തിന്‌?
അതിനവൾ പറയാറുണ്ടായിരുന്നു:
എനിക്കൊരു കൂടിക്കാഴ്ചയുണ്ട്, ഒരു മഴവില്ലുമായി.

9
കല്ലിനും കട്ടയ്ക്കുമിടയിൽ നിന്ന്
ഹാൻഡ്ബാഗെനിക്കവർ കൈമാറിയപ്പോൾ
അവളുടെ പാസ്പ്പോർട്ടു ഞാൻ കണ്ടു
വിമാനടിക്കറ്റും വിസാകളും കണ്ടു
ഞാനറിഞ്ഞു ഞാൻ പരിണയിച്ചതു ബൾക്കീസ് അൽ-റാവിയെയല്ലെന്ന്
ഞാൻ പരിണയിച്ചത് ഒരു മഴവില്ലിനെയാണെന്ന്...

10
സുന്ദരിയായ ഒരു സ്ത്രീ മരിക്കുമ്പോൾ
ഭൂമിയ്ക്കതിന്റെ സമനില തെറ്റുന്നു
ചന്ദ്രൻ നൂറുകൊല്ലത്തേക്കു ദുഃഖാചരണം പ്രഖ്യാപിക്കുന്നു
കവിതയ്ക്കു തൊഴിലില്ലാതെയാവുന്നു.

11
ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
അവളുടെ പേരിന്റെ താളമെനിക്കിഷ്ടമായിരുന്നു
അതിന്റെ കിലുക്കത്തിൽ ഞാനള്ളിപ്പിടിച്ചുകിടന്നിരുന്നു
എന്റെ പേരതിനോടു ചേർത്തുപറയാനെനിക്കു ഭയമായിരുന്നു
തടാകത്തിലെ തെളിനീരു ഞാൻ കലക്കിയാലോയെന്ന്
സംഗീതത്തിന്റെ സൗന്ദര്യത്തെ ഞാൻ വികലമാക്കിയാലോയെന്ന്.

12
ഈ സ്ത്രീയ്ക്കു ദീർഘായുസ്സു വിധിച്ചിരുന്നില്ല
ദീർഘായുസ്സവളൊട്ടാഗ്രഹിച്ചതുമല്ല
മെഴുകുതിരികളെയും വിളക്കുതിരികളെയും പോലെയാണവൾ,
കവിതയുടെ മുഹൂർത്തം പോലെ
അവസാനത്തെ വരിയെത്തും മുമ്പേ പൊട്ടിത്തെറിക്കുകയും വേണമവൾക്ക്...


(1981 ഡിസംബറിൽ ബെയ് റൂത്തിൽ നടന്ന ഒരു ഭീകരാക്രമണത്തിനിടെ ബോംബുസ്ഫോടനത്തിൽ മരിച്ച ഭാര്യ ബൾക്കീസ് അൽ-റാവിയെക്കുറിച്ചെഴുതിയ വിലാപഗാനം)


link to image


2 comments:

വെള്ളരി പ്രാവ് said...

കവിതകൾ ഗർഭം ധരിച്ചൊരു മേഘത്തെപ്പോലെ
എന്റെ നോട്ടുബുക്കുകൾക്കു
മേലവൾ പെയ്തു,
വീഞ്ഞും തേനും മാണിക്യങ്ങളും...മാടപ്രാവുകളെയും....
Like it...:)

Anonymous said...

Mazhavillu pole sundaramaayi paribhaashappeduthiyrikkunnu. Vilaapangal churundukoodiya mazhavillinte tharngadairkkyathinu ottum mangalelppikkaathe....
Nanni.

Related Posts Plugin for WordPress, Blogger...